
സ്വപ്നരഥം
A Short Story by
Dr. Seena Haridas
HSST Hindi
HSS Wing
Panangad VHSS
ഇല്ലായ്മയിൽ നിന്നും വളർന്ന എനിക്ക് എല്ലാം കൗതുകങ്ങൾ ആയിരുന്നു. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും എല്ലാം വെട്ടിപ്പിടിക്കാനും നേടിയെടുക്കാനും എന്നെ അത് മുന്നോട്ട് തള്ളി വിടുന്നുണ്ടായിരുന്നു. യാത്രയിൽ സ്വപ്നം കാണുന്ന ശീലം എനിക്ക് പണ്ടേ ഉണ്ടായിരുന്നു. ഈ സ്വപ്നങ്ങളുടെ ഒരു വലിയ കാവലാളായിരുന്നു എന്റെ അച്ഛൻ. കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. കൂട്ടുകാരോട് ഒരു തവണയെങ്കിലും സൈക്കിൾ ഒന്നു ഓടിക്കാൻ തരുമോയെന്ന് ചോദിച്ച് തരാതായപ്പോൾ മുഖം വാടി പലതവണ തിരിഞ്ഞു നിന്നിട്ടുണ്ട്. ഒരിക്കൽ അതുകൊണ്ട് അച്ഛൻ തന്റെ തുച്ഛമായ കൂലിയിൽ നിന്ന് മിച്ചം വച്ച കാശുകൊണ്ട് എനിക്കൊരു സൈക്കിൾ വാങ്ങിത്തന്നു. ആ സൈക്കിളിൽ എന്റെ നാട്ടുകാരും കൂട്ടുകാരുമടക്കം ഒരുപാടുപേർ സൈക്കിൾ ചവിട്ടാൻ പഠിച്ചിട്ടുണ്ട്. അന്ന് വാടകവീട്ടിലാണ് ഞങ്ങൾ താമസം. അന്നുമുതൽ ഒരു വീടെന്ന സ്വപ്നമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായത്. ഒരുപാടു യാതനകളുടെയും സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ചിത്രങ്ങളുടെ ഒരു ആർട്ട് ഗ്യാലറിയായിരുന്നു ഞങ്ങളുടെ വീട് .
ആ കഷ്ടപ്പാടിലൂടെ കിട്ടിയ നേട്ടത്തിന്റെ സുഖവും ഒപ്പം യാതനയുമെല്ലാം ഞാനും പഠിച്ചു. യാത്രകൾ എനിക്കെന്നും എന്റെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. യാത്രകളിൽ കാണുന്ന ഓരോന്നും മനസ്സിന്റെ പുസ്തകത്താളിൽ ചേർത്തുവെച്ച് മധുരമായ ഓർമ്മകളിലൂടെ നുണയാൻ നല്ല രസമായിരുന്നു.
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ 8.15 ന്റെ “ശ്രീകൃഷ്ണ ” യ്ക്കാണ് കോളേജിലേക്ക് പോയിരുന്നത്. ബസിന്റെ ഇടതുവശത്തെ അഞ്ചാം സീറ്റിലിരുന്നാണ് എന്നും എന്റെ യാത്ര. ആ സീറ്റിലിരുന്നുകൊണ്ട് പുറമേയുള്ള കാഴ്ചകൾ കാണാൻ രസമായിരുന്നു. എന്നും എന്റെ കാഴ്ചയിൽ വഴിയരികത്ത് ഒരു വീടുപണി നടക്കുന്നുണ്ടായിരുന്നു. ഞാൻ കൊതിച്ച മാതൃകയിൽ ആ വീടിന്റെ പുരോഗമനത്തെക്കുറിച്ച് ഞാൻ സ്വപ്നം കണ്ടുതുടങ്ങി.
ബസിന്റെ ടയറുകൾ മാറി. ….ഡ്രൈവർ മാറി… മഴയും വെയിലും മാറി. ….ഞാനിന്നും ബസിന്റെ ഇടതുവശത്തെ അഞ്ചാം സീറ്റിൽ… മൂന്നാം വർഷ ഡിഗ്രിയെത്തി. ഓർമ്മവച്ച നാൾ മുതൽ അച്ഛൻ പറയുമായിരുന്നു …. കഠിനാധ്വാനം ചെയ്ത് നേടുന്നതൊന്നും ഒരിക്കലും നഷ്ടപ്പെടില്ല എന്ന്. “നേട്ടങ്ങൾ” അതുനേടാൻ എനിക്ക് “വിദ്യാഭ്യാസം” എന്ന പടവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും ഞാൻ ആ ബസ് യാത്ര ഉപേക്ഷിച്ചില്ല. ആ മൂന്ന് കൊല്ലവും 8.15 ന്റെ ശ്രീകൃഷ്ണയെത്തന്നെ ആശ്രയിച്ചു. ഈ മൂന്നു വർഷത്തിനിടയിൽ പലപ്പോഴും ഞാനോർത്തു ….ആ വീടിന്റെ പണി തീർന്നിട്ടില്ല. അവസാന വർഷ പരീക്ഷയും കഴിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഞാൻ ശ്രീകൃഷ്ണയിൽ കയറിപ്പോകുമ്പോൾ ആ പണിതീരാത്ത വീടിനുമുന്നിൽ ഒരു ആൾക്കൂട്ടം കണ്ടു. എന്നും വീടിന്റെ ഉമ്മറപ്പടിയിൽ കാണാറുള്ള പരിചിതമായ മുഖം വെള്ളത്തുണികൊണ്ട് പുതപ്പിച്ച് കിടത്തിയിരിക്കുന്നു. നിലവിളിയുടെ ശബ്ദം ബസിന്റെ ഹോണടിയിൽ ഞാൻ കേട്ടില്ല.
വർഷങ്ങൾ പോയതറിഞ്ഞില്ല.. പത്തുവർഷങ്ങൾക്കപ്പുറം ഒരു 12.30 ന് ആരോ കോളിംഗ് ബെൽ അടിച്ചു. പോസ്റ്റ്മാനാ യിരുന്നു. സണ്ണിയല്ലേ? ഒരു കാർഡുണ്ട്. 95 ബാച്ചിന്റെ റി യൂണിയൻ അറിയിച്ചുകൊണ്ടുള്ള കാർഡായിരുന്നു. മനസിലൊരു സന്തോഷം. പോകണം …. എല്ലാവരേയും കാണണം. ….സൗകര്യ പ്രദമായി ഒരു ഞായറാഴ്ചയാണ് താനും. കൂട്ടുകാരിൽ പലരും വലിയ നിലയിൽ ആയിട്ടുണ്ടാവും. ആനന്ദത്തിന്റെ ഏണിപ്പടിയിൽ ഞാനും ചുവടുകൾ വച്ചപോലെ… എന്നാലും കാറിലൊന്നും പോകണ്ട. പഴയ 8.15 ന്റെ ശ്രീകൃഷ്ണയിൽത്തന്നെ പോകാൻ തീരുമാനിച്ചു. എന്റെ അഞ്ചാം സീറ്റിൽ തന്നെ അന്നും എനിക്കിരിക്കാൻ സാധിച്ചു. വഴിയിൽ ഞാൻ തിരയുന്നുണ്ടായിരുന്നു ആ പണിതീരാത്ത വീട് ….
ഹൃദയം തകരുന്ന വേദനയോടെ ആ വീടു ഞാൻ കണ്ടു. നീണ്ട പത്തുവർഷം മുമ്പ് എങ്ങനെയായിരുന്നോ അതുപോലെതന്നെ. എന്റെ എല്ലാ സന്തോഷങ്ങളും തീർന്നു. ഗെറ്റ് ടുഗദറിൽ മുഖത്ത് ഫിറ്റ് ചെയ്തൊരു ചിരി….. ആരെയോ ബോധിപ്പിക്കാനെന്നപോലെ ……. യാന്ത്രികമാണെങ്കിലും എല്ലാവരോടും സംസാരിച്ച് വിശേഷം ചോദിച്ചു. പക്ഷേ മനസ്സുനിറയെ ആ പണിതീരാത്ത വീടായിരുന്നു.
കോളേജിൽ നിന്നും തിരിച്ചുവന്നത് കൂട്ടുകാരന്റെ കാറിലായിരുന്നു. വരുന്ന വഴിയിൽ ഞാനാ വീടിന്റെ മുന്നിലിറങ്ങി. പണിതീരാത്ത ആ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ആരുമില്ലായിരുന്നു. അടുത്ത വീട്ടിൽ നിന്നും മേൽവിലാസം വാങ്ങി. എന്താണെന്നറിയില്ല മനസ്സുനിറയെ പാറക്കെട്ടുകളിൽ അലച്ചു വീഴുന്ന തിരമാലപോലെ നുരയും പതയും…. ഒന്നിനും ഒരുത്തരമില്ല….. അടുത്ത ദിവസം രാവിലെ കാറുമായി ഞാൻ അന്വേഷിച്ചിറങ്ങി. മലമുകളിൽ ഒരു വാടകവീട്ടിൽ അമ്മയും രണ്ട് പെൺമക്കളും… ഞാനും എന്റെ കുടുംബവും ഒരു വീടിനുവേണ്ടി കഷ്ടപ്പെട്ടതിന്റെ വിങ്ങലുകളെല്ലാം ഞാനോർത്തു. തീർച്ചയായും എനിക്കവരെ സഹായിക്കാൻ കഴിയുമായിരുന്നു. പക്ഷെ, അഭിമാന ത്തോടെ ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിക്കുന്ന ആ സ്ത്രീ ഒരു പടക്കുതിരയെ പ്പോലെ എന്റെ മുന്നിൽ നിന്നു.
യാതനയുടെയും സഹനത്തിന്റെയും ഒരുപാടു ചുളിവുകളുടെ കരിനിഴലുകൾ ആ മുഖത്തുണ്ടായിരുന്നു. വാടകയും മറ്റു ചിലവുകളും കുട്ടികളുടെ പഠിത്തവും എല്ലാം കൂടി കൂട്ടിമുട്ടിക്കുന്നതിൽ പാടുപെടുന്നുണ്ടായിരുന്നു അവർ. ഞാനാ വീടുപണി തീർക്കുന്നതിനെക്കുറിച്ച് അവരോട് ചോദിച്ചു. ഒരു നെടുവീർപ്പോടെ കഴിഞ്ഞ കാലയവനികയുടെ ചുരുളുകൾ അഴിയുന്നത് ആ കണ്ണുകളിൽ കാണാമായിരുന്നു. കുഞ്ഞുങ്ങളുടെ പഠനച്ചെലവുകൾ ഞാൻ വഹിക്കാമെന്ന് ഒരുപാട് നിർബന്ധിച്ചു പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ സ്ത്രീ തല കുലുക്കി. വച്ചുനീട്ടിയ പണം കൈപ്പറ്റിയില്ല. എങ്കിലും പഠനത്തിന്റെ കാര്യം എന്റെ ഇഷ്ടത്തിന് വിട്ടു.
ആ കുഞ്ഞുകരങ്ങൾക്ക് അറിവിനോളം ശക്തി…… അതു പകരാൻ എനിക്കു ഒരു നാളമാകാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു ഞാൻ. എന്റെ ഫോൺ നമ്പർ ഏൽപ്പിച്ച് പുകച്ചുവയുള്ള ചായയും കുടിച്ച് ആ പടിയിറങ്ങുമ്പോൾ എല്ലാം നേടിപ്പിടിക്കാൻ എന്റെ കണ്ണുകളിലുണ്ടായിരുന്ന അതേ തീ ആ കുരുന്നുകളുടെ കണ്ണുകളിലും കാണാമായിരുന്നു. ആ വീട്ടിൽ നിന്നിറങ്ങി മെയിൻ റോഡിലെത്തുമ്പോഴേക്കും കുണുങ്ങിച്ചിരിച്ചുകൊണ്ട് ശ്രീകൃഷ്ണ എന്ന എന്റെ സ്വപ്നരഥം വന്നു. അതിനു പിറകേ ഞാനും ……